Total Pageviews

Friday 26 June 2015

Tadiandamol Trek

തടിയന്റെമോൾ ട്രെക്കിംഗ് 




വെയിലും വിയർപ്പും ഏറ്റുവാങ്ങിയുള്ള ട്രെക്കിംഗ്  അനുഭവങ്ങളിൽ നിന്നും അനുഭവ കഥകളിൽ  നിന്നും ഏറെ വ്യത്യസ്ഥമായി "Monsoon Trekking" എന്ന പേരോടെ കുടകിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ തടിയന്റെമോൾ  കീഴടക്കുകയെന്ന ലക്ഷ്യം Trekzon  മുന്നോട്ടുവെക്കുമ്പോൾ  എന്നെ ആകർഷിച്ചതും  മറ്റൊന്നുമായിരുന്നില്ല, മഴയോടുള്ള പ്രണയവും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത  Monsoon Trekking എന്ന വിസ്മയവും തടിയന്റെമോൾ കൊടുമുടിയിലേക്ക് എന്നെ വലിച്ചടുപ്പിക്കുകയായിരുന്നു.
കർണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ "തടിയന്റെമോൾ" പേരു സൂചിപ്പിക്കുമ്പോലെ ഏറ്റവും വലിപ്പമുള്ള/ ഉയർന്ന  സ്ഥലം എന്നു അർഥമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1748 മീ. (5740 അടി) ഉയരമുള്ള ഈ കൊടുമുടി പശ്ചിമഘട്ട   പ്രദേശമായ കൂർഗിലാണ്  സ്ഥിതിചെയ്യുന്നത്. ട്രെക്കിംഗ് പ്രേമികളെയും വിനോദ സഞ്ചാരികളെയും സ്വീകരിക്കാനായി പച്ചപ്പിൽ മുങ്ങിക്കുളിച്ച് അതിസുന്ദരിയായി ഒരുങ്ങിനിൽക്കുകയായിരുന്നു കുടക് താഴ്വാരങ്ങൾ.

പല സ്ഥലങ്ങളിൽ നിന്നായി 9 പേരാണ് ട്രെക്കിങ്ങിനായി  പുറപ്പെട്ടത്. എറണാകുളത്ത് നിന്നും കാറിൽ ഞാനും അതുലും സുധിനയും  ഉച്ചയോടെ പുറപ്പെട്ടു. തൃശൂർ നിന്ന് ധനേഷിനെയും കൂട്ടി യാത്ര തുടർന്നു. കനത്ത  മഴയും ഗൂഗിൾ  മാപ്പ്  രണ്ടു  തവന്ന ഒരേ വഴിതന്നെ ചുറ്റിചതിനാലും പ്രതീക്ഷിച്ചതിനേക്കാൾ  ഏറെ വൈകിയാണ് 'ഇരിട്ടി'യിൽ ഞങ്ങളെ കാത്തു നിന്ന തൃപ്തയുടെ അടുത്തെത്താൻ  കഴിഞ്ഞത്. അതേ സമയം ഗൂഡല്ലൂർ നിന്ന് പുറപ്പെട്ട അനീഷ് ഏട്ടൻ, ഷണ്മുഖ , ലോക എന്നിവരടങ്ങുന്ന സംഘം ബത്തേരി - മാനന്തവാടി   വഴി രാത്രി 8 മണിയോടെ വിരാജ്പേട്ട്   എത്തിയിരുന്നു. തടിയൻറ്റെമോൾ എത്തുന്നതിനു മുന്പുള്ള പ്രധാന സ്ഥലമാണ്  വിരാജ്പേട്ട്.  പാലക്കാട് നിന്നും പുറപ്പെട്ട രാകേഷ് ഏട്ടനും കോഴിക്കോട്- താമരശ്ശേരി വഴി വിരാജ്പേട്ടിൽ എത്തി ഇവരോടൊപ്പം ചേർന്നു. നാലുമണിക്കൂറിലധികം നീണ്ടുനിന്ന അവരുടെ കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ മാപ്പിന്റെ പിണക്കങ്ങളെയും സ്വിച്ച് ഓഫ്  ആയിപ്പോയ മൊബൈൽ  ഫോണിന്റെ പരിഭവങ്ങളെയും തോൽപ്പിച്ച് ഞങ്ങൾ  അഞ്ചുപേരും രാത്രി 12.30 യോടെ  വിരാജ്പേട്ട് എത്തി .

വിരാജ്പേട്ടിൽ നിന്ന് തുടർന്നങ്ങോട്ട് റിസോർട്ട്  അന്വേഷിച്ചുള്ള യാത്രയായിരുന്നു. ഏകദേശം 39 കിലോമീറ്ററോളം (45മിനിറ്റ്) വഴിയറിയാതെ തലങ്ങും വിലങ്ങും കാറോടിച്ചു. ശരിയായ വഴിക്ക് പോയ അനീഷേട്ടനെ ഷണ്മുഖ അണ്ണനും  രാകേഷേട്ടനും  റിസോർട്ടിലേക്കുള്ള ജീപ്പുമായി കാത്തുനിന്ന ഡ്രൈവറും  രണ്ടു വഴിപോക്കരും  ചേർന്ന്  ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവിൽ  ഞങ്ങൾ കബനിക്കെടിൽ  എത്തിച്ചേർന്നു . അവിടെയാണ് റിസോർട്ടിലേക്കുള്ള ജീപ്പ് ഉണ്ടായിരുന്നത്. വാഹനങ്ങൾ അവിടെയിട്ട ശേഷം ഞങ്ങളുടെ  ബാഗുകളും മറ്റും  ജീപ്പിലേക്ക് മാറ്റി . ഇരുപതതിനടുത്ത് പ്രായം പ്രായമുള്ള രോഹിത്  എന്നൊരു പയ്യനായിരുന്നു ജീപ്പ്  ഡ്രൈവർ. 
കുത്തനെയുള്ള  കയറ്റങ്ങളുള്ള, പാറക്കല്ലുകൾ  നിറഞ്ഞ വീതികുറഞ്ഞ വഴിയിലൂടെ അനായാസേന അവൻ ജീപ്പ്  ഓടിച്ചു. ഇരുവശവും കല്ലുകളും നടുവില് മാത്രം ആരോ നട്ടുവളർത്തിയതുപോലെ ഒരേ വലിപ്പത്തിൽ വളർന്നു  നില്ക്കുന്ന മഞ്ഞപ്പൂക്കളുള്ള ചെടികളും റിസോർട്ടിലേക്കുള്ള വഴികളെ സുന്ദരമാക്കി. ഇടയ്ക്കുള്ള നേര്ത്ത വെള്ളച്ചാട്ടവും ജീപ്പ്  യാത്രയെ  ഹരം കൊള്ളിച്ചു. ഇരു വശങ്ങളിലേകും വെള്ളം തെറിപ്പിച്ചു കൊണ്ട്  ഒരു അരുവിയിലൂടെ ജീപ്പ്  പാഞ്ഞു, ജീപ്പിൽ  കയറി മിനിറ്റുകൾക്കകം  സുധിയുടെ നിലവിളി ഉയർന്നു. അതാ! അവളെ അട്ട കടിച്ചിരിക്കുന്നു. ട്രെക്കിങ്ങിലെ പ്രധാന ശത്രു ആയി എല്ലാവരെയും പറഞ്ഞു പേടിപ്പിച്ചിരുന്ന ജീവിയായിരുന്നു അട്ട. ഞങ്ങൾ ട്രെക്കിങ്ങിനായി എത്തിക്കഴിഞ്ഞു എന്ന സൂചന പോലെയായിരുന്നു  ജീപ്പിനുള്ളിലെ ആ നിലവിളി.

രാത്രി 2 മണിയോടെ ഞങ്ങൾ ഹണിവാലി റിസോർട്ടിൽ എത്തിച്ചേർന്നു. രാത്രിയെങ്കിലും സുന്ദരിയായി കാണപ്പെട്ട ഹണിവാലി ഞങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തു.  ഞങ്ങൾ സ്ത്രീ ജനങ്ങളെ   ഒരു മുറിയിലാക്കിയശേഷം മറ്റുള്ളവർ അവരവരുടെ റൂമുകളിലേക്ക് പോയി.  നാളുകൾക്കു ശേഷം കണ്ടുമുട്ടിയ സന്തോഷം പോലും പങ്കുവെക്കാനാവാതെ ക്ഷീണം ഞങ്ങളെ വേഗം ഉറക്കത്തിലേക്ക് ക്ഷണിച്ചു.


ഒരു ദീർഘ നിദ്ര ആഗ്രഹിച്ചിരുന്നുവെങ്കിലും വെളുപ്പിനെ 6 മണിയോടെഞങ്ങൾ കണ്ണുതുറന്നു. ഭിത്തികളിൽ  പൂശിയിരുന്ന പച്ചച്ചായത്തെ തഴുകി ഓടുകൾക്കിടയിലൂടെ കടന്നു വരുന്ന മഞ്ഞിൽമുങ്ങിയ പ്രകാശവും മുറിക്കു  പുറത്തെ  ചെടികളിൽ  പെയ്തിറങ്ങുന്ന നേർത്ത മഴയുംഇനിയും ഉറങ്ങുവാൻ ഞങ്ങളെ   അനുവദിച്ചില്ല. 
പുല്ലിൽ  വീണുകിടന്നിരുന്ന പാഷൻ ഫ്രൂട്ട് കായ്കൾ  പെറുക്കിയും ഫോട്ടോയെടുത്തും  ഞാനും  സുധിയും തൃപ്തയും  ഹണിവാലിയുടെ  സൗന്ദര്യം ആസ്വദിച്ചു നടന്നു. പല പല തട്ടുകളിലായായിരുന്നു ഓരോ കെട്ടിടങ്ങളും താമസ സൗകര്യങ്ങളും. താഴെയുള്ള തട്ടിൽ  നീണ്ടുകിടക്കുന്ന നാലഞ്ചു മുറികളിലാണ് അനീഷേട്ടനും  ബാക്കിയുള്ളവരും  താമസിച്ചത്.
എല്ലാവരും കുളിച്ച് വേഷം മാറി ഫോട്ടോ എടുത്തും  സ്ഥലങ്ങൾ നോക്കിക്കണ്ടും  അല്പസമയം ചെലവഴിച്ചു.ഹോം സ്റ്റേ (HOME STAY ) എന്ന വാക്കിനെ അന്വർത്ഥമാക്കും വിധമായിരുന്നു ഹണിവാലിയിലെ പരിചാരണം. പോഷകസമൃദ്ധമായ  ഭക്ഷണവും വൃത്തിയുള്ളതും  സുന്ദരവുമായ മുറികളും ചുറ്റുപാടും  മനസ്സിനും ശരീരത്തിനും  സുഖകരമായ അന്തരീക്ഷമൊരുക്കി.
 ട്രെക്കിങ്ങിനിടയിൽ  കഴിക്കാനുള്ള ഭക്ഷണവും ഏർപ്പാടാക്കിയശേഷം എല്ലാവരും മഴയേ പ്രതിരോധിക്കാനുള്ള കോട്ടുകളും അട്ടകടിയിൽനിന്ന് രക്ഷ നേടാനുള്ള ലീച് സോക്ക്സുകളും ഇട്ട് തയ്യാറായി. റിസോർട്ടിലുള്ള  പലരും ഞങ്ങളുടെ  കാലുകളിലേക്ക് അത്ഭുതത്തോടെ നോക്കുകയായിരുന്നു. കാക്കി നിറമുള്ള ചാക്കുപോലെ  തോന്നിപ്പിച്ച ലീച്സോക്സ്‌  ആയിരുന്നു കാരണം.എന്നാലിതിനിടെ എന്റെ കാലിൽ  കയറിക്കൂടിയ അട്ടയെപ്പേടിച്ച്  എന്റെവക ഒരോട്ടം തുള്ളൽ  നടന്നു. കാലിൽ  നിരച്ചു കയറുന്ന  അട്ടയെപ്പെടിച്  നിലവിളിക്കുന്ന എന്നെ കണ്ടിട്ടും യാതൊരു കനിവും കാട്ടാതെ തലതല്ലി  ചിരിച്ചുകൊണ്ട് ഫോട്ടോയും വീഡിയോയും  എടുക്കുകയായിരുന്നു എന്റെ സംഘാംഗങ്ങൾ. എന്റെ പരാക്രമങ്ങളെല്ലാം വീഡിയോയിൽ  പകർത്തിയശേഷം മാത്രമാണ് അട്ടയെ തട്ടിമാറ്റാൻ  കനിവുകാട്ടിയത്. ആ അട്ടയുടെ അന്ത്യം എന്റെ കാലുകൊണ്ട് തന്നെയാക്കി ഞങ്ങൾ  ട്രെകിംഗ് ആരംഭിച്ചു.
 രാജു  എന്നു പേരുള്ള മലയാളിയായ ഗൈഡിനെ കിട്ടിയതും സന്തോഷങ്ങളുടെ ആക്കം കൂട്ടി. സ്ഥലത്തെപ്പറ്റി വ്യക്തതയും പരിചയവുമുള്ള ഗൈഡിന് പുറകെയായി ഞങ്ങൾ നടന്നു. 

തുടക്കത്തിൽ  ഒരു കിലോമീറ്ററോളം മഴക്കാടുകളാലും കാപ്പിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട മണ്‍വഴികളിലൂടെയായിരുന്നു യാത്ര.സോക്സിൽ  കയാരിക്കൂടുന്ന അട്ടയെ എങ്ങനെ തട്ടിമാറ്റണമെന്നും ആവശ്യമെങ്കിൽ ഡെറ്റോൾ  സ്പ്രേ ഉപയോഗിക്കുവാനും അനീഷേട്ടൻ  നിർദേശം  നൽകിയിരുന്നു. എന്നിട്ടും ആദ്യമാദ്യം അട്ട കാലിൽ  കയറിയപ്പോൾ   ഞങ്ങളെല്ലാവരും ഏട്ടനെ  വിളിച്ചു ബഹളം വെയ്ക്കാൻ  തുടങ്ങി. രാജു  ചേട്ടൻന്റെ(ഗൈഡ്)  അടുത്ത്  സോക്സോ അട്ടയെ കളയാനുള്ള യാതൊരുവിധ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല.ഒരു ഷൂ  മാത്രമിട്ട് നിസ്സാരമായി അട്ടയെ തട്ടിക്കളഞ്ഞു നടന്നുപോകുന്ന അയാളെ അത്ഭുതത്തോടെ  നോക്കിപ്പോയി.

ആദ്യം ഒരുമിച്ചു നടക്കാം
എന്നു
തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പലരും പല സംഘങ്ങളായി തിരിഞ്ഞു. തൃപ്തയ്ക്കും ധനേഷീനും ഷൂസ് ഇല്ലാതിരുന്നതും ലീച് സോക്സ് ഇല്ലാതിരുന്നതും നടത്തിന്റെ  വേഗം കുറച്ചു. ഷൂ കൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ലെന്ന് പറഞ്ഞു ധൈര്യത്തോടെ നടന്ന ധനേഷ്‌ ആദ്യത്തതെ അട്ടകടി സസന്തോഷം ഏറ്റുവാങ്ങി. അട്ടയെ  തട്ടിക്കളഞ്ഞ് ലോക  അവന്റെ സോക്സ് ധനേഷീനു കൊടുത്തുസഹായിച്ചു. കാട്ടുചെടിയിലെ മുള്ളുകളില്‍ അറിയാതെ കയറിപ്പിടിച്ചും അട്ടകളെ തട്ടിത്തെറിപ്പിച്ചും ഞങ്ങളാ മണ്‍വഴികളിലൂടെ നടന്നു കയറിയത്‌ പച്ചപരവതാനി   പോലെ കിടക്കുന്ന പുല്‍ പ്രദേശത്തേയ്ക്കായിരുന്നു. അട്ടയുടെ ശല്യമില്ലായിരുന്നുവെങ്കില്‍ ആര്‍ക്കും ആകാശം നോക്കി മലര്‍ന്നുകിടാക്കാന്‍ കൊതി തോന്നുന്നൊരിടം. അവിടെനിന്നു നോക്കിയാല്‍ ഹണിവാലി  റിസോർട്ടിന്റെ   ഒരു നേര്‍ത്ത  കാഴ്ച്ച ലഭിക്കും. എല്ലാവരും ആ പച്ചപ്പിൽ  നിരന്നു നിന്ന് കുറേ ഫോട്ടോകള്‍ എടുത്തു . അപ്പോഴേക്ക്‌ ചാറ്റൽ  മഴ കാറ്റിന്റെ ഗതിക്കനുസരിച്ച്‌ വീശിയടിക്കാന്‍ തുടങ്ങി. ഷണ്മുഖ  അണ്ണൻ എല്ലാവരുടെയും ഫോണുകളും ചെറിയ ക്യാമറകളും പ്ലാസ്ടിക് ബാഗിലാക്കി  സൂക്ഷിച്ചു.

മഴയും കാറ്റും  മഞ്ഞും ഒക്കെയുള്ള ഒരു അന്തരീക്ഷമായിരുന്നത്‌. പുല്‍മേട്ടില്‍ നിന്ന് മരങ്ങളും ചെടികളും നിറഞ്ഞ ഒരു വഴി കടന്നപ്പോള്‍ സുധി വന്ന്  എന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ചു. അതിശയിപ്പിക്കുന്ന എന്തോ ഒന്നു കാത്തിരിക്കുന്നുവെന്നു മനസ്സിലാക്കി കണ്ണ് തുറന്നപ്പോള്‍ ഞാൻ കണ്ടത്‌ മതിമറന്നു പോകുന്നൊരു കാഴ്ച്ചയായിരുന്നു. അകലെ കോടമഞ്ഞ് പുതച്ച്   തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലായി കൂറ്റൻ പാറക്കെട്ടിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം.ഇലകളുടെ പച്ചപ്പും പാറക്കെട്ടിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ വെണ്‍പ്രഭയുമെല്ലാം അവിസ്വസനീയമായ കാഴ്ച്ചപോലെ നോക്കി നിന്നു. കുത്തിയൊഴുകുന്നായാ വെള്ളച്ചാട്ടമാണ്‌ നിലകണ്ടി വെള്ളച്ചാടം. വളരെ അകലെയെങ്കിലും തകര്‍ത്തൊഴുകുന്ന  വെള്ളതിൻറെ  ഇരമ്പലും  തണുപ്പും ഓരോരുത്തരും  അറിഞ്ഞു . ആ സുഖം നടതതിൻറെ  വേഗത കൂട്ടിയെന്നുവേണം പറയാന്‍.
അട്ടയെ കണ്ടുതുടങ്ങിയത്‌ അവിടെ മുതലാണ്. 5 അട്ടകൾ ഒരുമിച്ച്‌ കടിച്ച് രാകേഷ് ഏട്ടൻറെ  കാലിൽനിന്നു രക്തമൊഴുകുന്നത്‌ കണ്ടു പേടിച്ച് ഞ്ഞങ്ങളെല്ലാവരും ലീച് സോക്സ് മുറുക്കെകെട്ടി. എണ്ണാനാവത്തതിലധികം  അട്ടകൾ കാലില്‍ കയറിത്തുടങ്ങി . കാലില്‍ കടിച്ചുപിടിച്ചിരിക്കുന്ന അട്ടയിൽ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ അട്ടയുടെ കൊമ്പ്  കാലില്‍ തറച്ചിരുന്നെന്നും വരാം . അട്ട കടിച്ച   ഭാഗത്തു നിന്നും നിര്‍ത്താതെ രക്തതമൊഴുകും. പിന്നീട് അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടാം.  പേടി കൂടാതെ അട്ടകളെ തട്ടിയെറിയുക എന്നതാണു പോംവഴി.


എണ്ണമില്ലാത്ത അത്രയും  അട്ടകൾ കാലില്‍ കയറുമ്പോള്‍ ലോകയും ഡെറ്റോൾ സ്പ്രേയുമായിരുന്നു  ഞങ്ങളുടെ രക്ഷകര്‍. വടിയും കല്ലുമൊക്കെ   ഉപയോഗിച്ച്‌  തട്ടിമാറ്റാൻ ശ്രമിക്കുകയും  നിരന്തരം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ ലോക യാതൊരു ഭയവും ഇല്ലാതെ കൈകൊണ്ട്‌ അട്ടയെ പറിച്ചെറിഞ്ഞു.
തുടക്കത്തിൽ അട്ടയെ ഒരു ഭീകരജീവിയായി കണ്ടിരുന്നവരെല്ലാം (പ്രത്യേകിച്ച്‌ഞാൻ)  അപ്പോഴേക്ക്‌ അട്ടയെ അട്ടയായിതന്നെ കാണാന്‍ തുടങ്ങിയിരുന്നു. ആദ്യമാദ്യം അട്ടയെ കണ്ടു ഏട്ടനെ വിളിച്ചു കരഞ്ഞ ഞങ്ങൾ  ആ സമയം ഏട്ടനെ കാണാന്‍ വയ്യാത്തത്ര പിന്നിലായിപ്പോയിരിക്കുന്നുവെന്നു മനസ്സിലായി.

ഞങ്ങൾക്ക്  പുറകേ ദൂരെ മറ്റൊരു ട്രെകിംഗ് സംഘം നടന്നടുക്കുന്നത് കണ്ടു എട്ടന് ദേഷ്യംവന്നു  ഞങ്ങളോട്‌ വേഗം കൂട്ടാന്‍ പറഞ്ഞു.കഴിയാവുന്നത്ര വേഗത്തിൽ  നടന്നു ഞങ്ങൾ വീണ്ടും എട്ടനൊപ്പമെത്തി  . ഷണ്മുഖ അണ്ണനോടൊപ്പം  സ്ഥലങ്ങളെയും പുല്ലുകളേയും  അട്ടകളേയുമൊക്കെക്കുറിച്ച്‌ വാതോരാതെ  സംസാരിച്ചാണ്‌ ആ മലയിറങ്ങിയത്‌. ഇടക്കിടെ ചാറ്റൽ മഴയും കാറ്റും  വീശിയടിച്ചു. ഒരു കിലോമീറ്ററോളമിറങ്ങി ഇടയ്ക്ക് വിശ്രമിച്ച ശേഷം ഞ്ഞങ്ങള്‍ നടാത്തം  തുടര്‍ന്നു. പുൽപ്രദേശങ്ങൾക്കു  പകരം കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞ വഴികള്‍ പ്രത്യക്ഷപ്പെട്ടു.


ഈ വഴിയിലൂടെ അവസാനസംഘം തടിയന്റെ മോള്‍ കീഴടക്കിയിട്ട്‌ രണ്ടുമാസമായിരിക്കുന്നുവന്നു ഗൈഡില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ചില സംഘങ്ങള്‍ ഇടക്കുവെച്ച്‌ മഴമൂലം ദൗത്യമുപേക്ഷിച്ചു മടങ്ങിയടത്രേ.രണ്ടുമാസം കൊണ്ട്‌ തിങ്ങിനിറഞ്ഞു വളര്‍ന്ന ചെടികളും മരങ്ങളും  പല വഴികളെയും അടച്ചിരുന്നു. രാജു ചേട്ടന്‍ വഴി മറച്ചു നില്‍ക്കുന്ന മരച്ചില്ലകളും ചെടികളും വെട്ടി മാറ്റിയതുകൊണ്ടാണ് നടന്നത്. പോകുന്ന വഴിയെല്ലാം  ചെറു ജീവികളെ നോക്കി നിന്നും ഫോട്ടോയെടുത്തും  കാണുന്ന പാറകളിലൊക്കെ കേറിയിരുന്നു അട്ടകളെ തട്ടിയെറിഞ്ഞും യാത്ര തുടര്‍ന്നു. ഞ്ഞങ്ങളവിടെ കണ്ട വന്യജീവികളായിരുന്നു  അട്ട, തേരട്ട , ഓന്ത്‌, ഒച്ച്, പലപല നിറങ്ങളിലുള്ള പുഴുക്കള്‍, ശലഭങ്ങള്‍, ഒടുവിലൊരു കുഞ്ഞു പാമ്പും.




മഴ  പെയ്ത്‌ വഴുക്കലുള്ള മണ്ണിലും വേരിലും  ചവിട്ടിയും ഇടയ്ക്ക് തെന്നി വീണുമൊക്കെയുള്ള ഒരു ഇറക്കമായിരുന്നു അടുത്തത്‌. മരങ്ങളാല്‍ തിങ്ങിനിറഞ്ഞ ഒരു കാട്ടിനുള്ളിലേക്കുള്ള ആ ഇറക്കത്തിൽത്തനെ ചെറിയൊരു അരുവിയും മുറിച്ചു കടക്കണമായിരുന്നു. ഐസ് പോലെ തണുത്ത വെള്ളത്തിൽ ഞങ്ങള്‍ മുഖവും കൈയ്യുമൊക്കെ കഴുകി. ഞാനാകട്ടെ  ഷൂസിട്ട കാലുകളും വെള്ളത്തിൽ മുക്കി. തുടര്‍ന്നങ്ങോട്ടുള്ള  എന്റെ ട്രെക്കിങ്ങിനെ   പ്രതികൂലമായി ബാധിച്ച അബദ്ധമായിരുന്നു ആ കാലു കഴുകൽ.

നനഞ്ഞ സോക്സും ഇറുകിയ ഷൂസും അതിനുള്ളില്‍ അമര്‍ന്നു പോയ കാലുകളും  കാരണം നടക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. വഴുക്കലുള്ള  പ്രദേശമായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരായിട്ടുതന്നെ  അരുവി മുറിച്ചു കടന്നു. അരുവിയുടെ ഒഴുക്കും ഇതുവരെ കേട്ടിട്ടില്ലാത്തതരം  പക്ഷികളുടെ ശബ്ദങ്ങളും കേട്ടു കൊണ്ടായിരുന്നു കയറ്റം .NATURALIST  ആയ ഷണ്മുഖ അണ്ണൻ പല പക്ഷികളുടെ പേരുകൾ  ശബ്ദം കേട്ട്‌ തിരിച്ചറിഞ്ഞു പറഞ്ഞു തന്നു. ഇറക്കം പോലെ തന്നെ വഴുക്കലും വേരുകളുമുള്ള  കയറ്റം  കയറി നേരെ ചെല്ലുന്നത് ഞ്ഞങ്ങളേക്കാള്‍ ഒരടി ഉയരത്തിൽ വളർന്നു  നില്‍ക്കുന്ന കുറ്റിച്ചെടികളുടെ നടുവിലേക്കാണ്‌. ഇടയിലൂടെയുള്ള വഴിപോലും മറച്ചുകൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ  ഞങ്ങളോടി. മുഖം കുനിച്ചു പിടിച്ചില്ലെങ്കില്‍ മുന്‍പേ ഓടുന്നവര്‍ തട്ടിവിട്ട

ചില്ലകള്‍നമ്മുടെ മുഖത്തുവന്നടിക്കും.അത്രമാത്രം വേഗത്തിലാണ്  ഓടുന്നത്‌. മുകളില്‍ ചില്ലകളുടെ ആക്രമണം, താഴെ അട്ടകളുടെ ആക്രമണം!!! ഓര്‍ക്കുംതോറും ചിരിവരുന്നയാ ഓട്ടമാവസാനിച്ചത് കാറ്റാടിമരങ്ങള്‍ കൊണ്ട്‌ സമൃദ്ധമായ ഒരു കാട്ടിലേക്കാണ്‌.
ഓരോരുത്തരുടെ കാലിലും മുപ്പത്തിലധികം അട്ടകൾ  കയറിക്കൂടിയിരുന്നു. പുല്ലില്‍ നില്‍ക്കുംതോറും   ശരീരത്തില്‍ കയറിക്കൂടുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന്ഷണ്മു  അണ്ണൻ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എവിടെയും നില്‍ക്കുവാനോ  വിശ്രമിക്കുവാനോ  പറ്റാത്ത അവസ്ഥ. ഇടയ്ക്കുവെച്ച്‌ എനിക്കും ധനേഷിനും  അതുലിനും വഴിതെറ്റി . കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചുമൊക്കെയാണ് മുന്‍പേ നടന്നിരുന്നവരുടെയടുത്ത്  എത്തിച്ചേര്‍ന്നത്‌. ഓടുന്നവഴി ഞാനൊരു കമ്പിയില്‍ തട്ടി മറിഞ്ഞുവീണു  സോക്സു കീറിയതിനാല്‍ അട്ട  കയറുമോ എന്നുള്ള പേടിയും കൂടിവന്നു. പലയിടങ്ങളിലും കാറ്റാടി മരങ്ങള്‍ മറിഞ്ഞു വഴി തടസ്സപ്പെടുത്തിയിരുന്നു. വീണുകിടക്കുന്ന മരങ്ങളില്‍ വലിഞ്ഞുകയറിയും തൂങ്ങിയും പിന്നെയും നടത്തം . കാറ്റാടി മരങ്ങളോട് വിടപറഞ്ഞു പുല്‍മേട്ടിലേക്ക് പ്രവേശിച്ചു. കോടമഞ്ഞിനിടയിലൂടെ അങ്ങകലെയായി ആ കാഴ്ച്ച കണ്ടു- ഞങ്ങളുടെ  വരവും കാത്തിരിക്കുന്ന തടിയന്റെമോൾ  കൊടുമുടി!

നിയന്ത്രണം കിട്ടാതെയുലഞ്ഞു പോകുന്നത്ര കാറ്റായിരുന്നു അവിടെ പറന്നുപോകുമോ എന്നുപോലും പേടിച്ചു. പലരുടെയും തൊപ്പി പറന്നു പോവുകയും പുറകേ ഓടി എടുക്കേണ്ടി വരുകയുമുണ്ടായി. അതുവരെയുണ്ടായിരുന്നു ക്ഷീണവും വിയര്‍പ്പും പറത്തിക്കളയുന്ന പോലെ വീശിയടിച്ച കാറ്റില്‍ പറക്കുന്ന സുഖം  ഫോട്ടോയിലും വീഡിയോയിലും  പകര്‍ത്തി. എവിടെ നോക്കിയാലും പച്ചപ്പും കോടമഞ്ഞു  മാത്രം. ഇടയ്ക്കുപെയ്ത മഴ ആസ്വദിച്ചുകൊണ്ട്‌ വീണ്ടും നടത്തം . ഇതിനിടയില്‍ അനീഷ്‌ ഏട്ടൻ എതിര്‍ വശങ്ങളിലായി ദൂരെ രണ്ടു വെള്ളച്ചാട്ടങ്ങളുണ്ടെന്നു കണ്ടുപിടിച്ചു. എന്റെ കാലുകളാകട്ടെ ഷൂവിൽ  അമർന്നു നഖം പിളരുന്ന വേദനയായിരുന്നു . അതിനിടെ ഏട്ടനും ഷണ്മു  അണ്ണനും  എന്റെ ബാക്കി ഉള്ള ഊര്‍ജം കൂടി ഇല്ലാതാക്കിക്കൊണ്ട് ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം പറഞ്ഞു. കഴിക്കാനുള്ള ഭക്ഷണത്തിന്റെ ബാഗ്‌ എടുക്കാന്‍ മറന്നു.എന്റെ തല കറങ്ങും പോലെ തോന്നി. കയ്യിലുള്ള വെള്ളവും തീര്‍ന്നിരിക്കുന്നു. സമയമപ്പോള്‍ ഒരു മണി കഴിഞ്ഞു.
കയറണമെന്നു അതിയായ ആഗ്രഹമുണ്ടായിട്ട് പോലും  നടക്കാനാവാത്തവിധം ഞാന്‍ തളര്‍ന്നുതുടങ്ങി. ഇടയ്ക്കിടെ ഞാൻ പുല്ലില്‍ മലര്‍ന്നു കിടന്നു. ദേഹത്ത്  കയറിക്കൂടുന്ന അട്ടയെയും ചാറ്റല്‍ മഴയേയുമൊന്നും അപ്പോഴോര്‍ത്തില്ല. ഷണ്മു അണ്ണൻ  നിര്‍ബന്ധിച്ച് എഴുന്നെല്ക്കാൻ  പറയുമ്പോള്‍ മാത്രം അട്ടയെപറ്റി   ബോധമുണ്ടാകും

ധനേഷിനാകട്ടെ ഒറ്റക്കാലിലെ ലീച് സോക്സും ചെരുപ്പുമിട്ടുള്ള നടത്തമായിരുന്നു. പ്രശ്നം.കാലില്‍ ഡെറ്റോൾ സ്പ്രേ അടിച്ചാല്‍ അട്ട ശല്യം കുറയുമെന്നു കേട്ടു തുടക്കത്തിൽ തന്നെ പകുതി കുപ്പിയോളം ഡെറ്റോൾ   അവന്‍ കാലിലടിച്ചു. ഇത്‌ വിപരീതമായി ഫലത്തിൽ  വന്നു. നടക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി മുട്ടി. പറ്റുന്ന സമയങ്ങളിലെല്ലാം ഷൂസഴിച്ചുവെച്ച്‌ ഞാൻ  കാലില്‍ കാറ്റു കൊള്ളാനാനുവധിച്ചു. നനഞ്ഞ കാലുകള്‍ കുതിര്‍ന്നു വെളുത്ത നിറമായിരുന്നു. ഇതിനിടെ തൃപ്തയുടെ കൈയ്യിലും ഒരു  കടി കിട്ടി.
 കുറച്ചു കൂടിക്കയറിയപ്പോള്‍ ഒരു പാറക്കെട്ട് കണ്ടു. പാറക്കെട്ടില്‍ ഒരു കരടി കിടക്കുന്നുണ്ട്,സൂക്ഷിച്ചു    വരണമെന്ന് പറഞ്ഞു ലോക എല്ലാവരിലും ഭീതിയുണ്ടാക്കി. 

കരുതലോടെയും  ആകാംഷയോടേയും ചെന്ന് നോക്കുമ്പോള്‍ ഒരു അച്ഛനും മകളും ഇരിക്കുന്നു.  മൂടല്‍ മഞ്ഞില്  അവന്‍ തെറ്റിധരിച്ചതായിരുന്നു. ലോഗയെ എല്ലാവരും കളിയാക്കി ഓടിച്ചു. ഫോട്ടോ സെക്ഷനിടയില്‍ സെക്കന്റുകള്‍ മാത്രം നീണ്ട ഒരു കിടത്തം .ഞാൻ ധനേഷ്‌ രാകേഷ് ഏട്ടൻ എന്നിവരായിരുന്നു ഏറ്റവും പുറകില്‍.
പിന്നീടങ്ങോട്ടുള്ള  നടാത്തത്തില്‍ ലോകയും ഞ്ഞങ്ങളോടൊപ്പം കൂടി. അട്ടയെ തട്ടിക്കളയാനും തളരുമ്പോഴും വീഴുമ്പോഴും സഹായിക്കാനും തമാശകള്‍ പറഞ്ഞു  നഷ്ടപ്പെട്ടുപോകുന്ന ഊര്‍ജം തിരികെ കൊണ്ടുവരാനും.
അനീഷ്‌  ഏട്ടൻ മാത്രം ഒരുകൂസലുമില്ലാതെ കയറിക്കൊണ്ടേയിരുന്നു. ഒരു പാറപ്പുറത്തേയ്ക്കുള്ള എന്റെ അടുത്ത  വീഴ്ച്ചയ്ക്കിടയില്‍ ലോക എല്ലാവര്‍ക്കും ഗ്ലൂക്കോസും ചോക്കലേറ്റും    നല്‍കി. ഗര്‍ഭപാത്രത്തിലെ ശിശുവിനെപ്പോലെ പാറക്കെട്ടില്‍ കിടന്ന എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഗ്ലൂക്കോസ് തന്ന ലോകയ്ക്കും GLUCON-D   കമ്പനിക്കും നന്ദി . ആ ഊർജത്തിൽ  ഞാൻ  നടന്നു. ഗ്ലൂകോസ് ആസ്വദിച്ചു ച്ചു കഴിച്ചുകൊണ്ടിരിക്കുന്ന തൃപ്തയുടെയും ലോഗയുടെയും മുഖത്തിനിട്ടു ഓരോ ഇരുട്ടടി കൊടുത്ത ഏട്ടനെ അവര്‍ ഓടിക്കുണുണ്ടായിരുന്നു.
അടുത്ത  വില്ലനായിരുന്നു തണുപ്പ്‌. പല്ലുകള്‍ കൂട്ടിയടിച്ചു തണുത്ത് വിറങ്ങലിച്ച്‌ തടിയന്റെ മോള്‍ കൊടുമുടിയിയിൽ ഞങ്ങളുടെ കാലുകൾ പതിച്ചു. അങ്ങനെ ,12 കിലോമീറ്ററോളം നടന്നു ഇതാ ഞങ്ങള്‍ തടിയന്റെമോള്‍ കൊടുമുടി കീഴടക്കിയിരിക്കുന്നു.!!!!


ക്ഷീണമോ വിയര്‍പ്പോ അല്ല ഒരാളെ തളർത്തുന്നത്  ,സാധ്യമല്ല എന്ന തോന്നലാണ്. മറ്റുള്ളവരേക്കാള്‍ ബുദ്ധിമുട്ട്‌ അനുഭവിച്ചത്‌ ഞാനും  ധനേഷുമായിരുന്നു. ഇടയ്ക്കുവെച്ചെങ്കിലും അസാധ്യമെന്നു തോന്നിപ്പോയ വലിയൊരു കാര്യമാണ്‌ ഞ്ഞങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്‌.വിജയഭേരി മുഴക്കുവാന്‍ പോയിട്ട്‌ വായതുറക്കാന്‍ പോലും ആവാത്ത  വിധം മരവിച്ചു പോയതുകാരണം ഞാൻ അല്പം വെയിലു കിട്ടുന്ന ഭാഗത്തത് പോയി കിടന്നു. അനീഷ് ഏട്ടൻ , അതുല്‍, ധണേഷ്‌, രാകേഷ്, ഷണ്മു , ലോക എന്നിവര്‍ അതിനു അടുത്തുള്ള മറ്റൊരു പര്‍വത ശിഖരത്തിലേക്  കനത്ത   മൂടൽ മഞ്ഞിനെ അവഗണിച്ച്‌ പോയി വന്നു. തണുപ്പിനെ ഭയമില്ലാത്ത   അതുലിനോടും ഏട്ടനോടും  അസൂയ തോന്നിപ്പോയ നിമിഷം!

അവീടെവെച്ച്‌ ഏട്ടൻ വീണ്ടും ഒരു സത്യം കൂടി വെളിപ്പെടുത്തി . ഷണ്മു  അണ്ണന്റെ  ബാഗില്‍ നിന്ന് ഭക്ഷണം പുറത്തെടുത്തു . ഭക്ഷണം മറന്നു പോയെന്നു പറഞ്ഞെന്റെ  പാതി ജീവന്‍ കളയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ???
തണുപ്പിലും വീശിയടിക്കുന്ന കാറ്റിലും  വളരെക്കഷ്ടപ്പെട്ടാണ് തക്കാളിച്ചോറും മുട്ടയും കഴിച്ചത്‌. അങ്ങനെ വിശപ്പിന്റെ ഉപദ്രവം നിലച്ചു. എല്ലാവരുടെ മുഖത്തും  സന്തോഷത്തിൽ വിടര്‍ന്ന ചിരി.  ആര്‍ത്തുവിളിച്ചും പൊട്ടിച്ചിരിച്ചും ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം മഞ്ഞിൽ കുതിര്‍ന്നും  മഴയില്‍ നനഞ്ഞും  കാറ്റിൽ  പറന്നും  മണ്‍സൂണ്‍ ട്രെക്കിംഗ്  എന്ന അത്ഭുതം  അനുഭവിച്ച്‌ ഞങ്ങള്‍ തിരിച്ചിറങ്ങി
  തിരിച്ചിറങ്ങി പകുതി  ദൂരം കഴിഞ്ഞ ശേഷം ദൈവദൂതനെപ്പോലെ ഞങ്ങളുടെ ഗൈഡ്  പുതിയ ഒരു വഴി പറഞ്ഞുതന്നു. ഇറക്കത്തിലാണ്‌ കയറിയ പാതകളുടെ ഭംഗിയും മൂടല്‍മഞ്ഞുനീങ്ങുമ്പോള്‍ കാണുന്ന താഴ്വാരങ്ങളുടെ സൗന്ദര്യവും നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞത്.
പകുതിയോളം ഇറങ്ങിയപ്പോള്‍ കയറ്റതിൽ ഞങ്ങള്‍ക്ക് പുറകെ സഞ്ചരിച്ചിരുന്ന സംഘത്തെ കണ്ടുമുട്ടി. എല്ലാവരുടെയും കാലില്‍ അട്ട കടിച്ച് രക്തതമൊഴിക്കുകയായിരുന്നു. അവര്‍ ഞ്ഞങ്ങളുടെ കാലുകളിലേക്ക് അത്ഭുതത്തോടെ  നോക്കി. ലീച് സോക്സിനോടുള്ള നന്ദി  ഞങ്ങള്‍ക്ക് പറഞ്ഞറിയിക്കാന്‍ വയ്യ!!


തിരിച്ചുള്ള വഴി യാഥാര്‍ത്ഥത്തിൽ  പലരും ട്രെക്കിങ്ങിനുള്ള കയറ്റമായാണ്  സഞ്ചരിച്ചിരുന്നത്‌. കൂടുതല്‍ സുരക്ഷിതവും എളുപ്പവുമായ ആ വഴി ഉപേക്ഷിച്ച് ഞ്ഞങ്ങള്‍ തിരഞ്ഞെടുത്ത  വഴി  ആയിരുന്നു സത്യത്തിൽ ഈ ട്രെക്കിങിനെ ആസ്വാദ്യകരവും സാഹസികവും ആക്കിയത്.ഇറക്കം ബുധിമുട്ടില്ലാതിരുന്നതിനാലും പകുതി ദൂരം പിന്നിട്ടശേഷം  നിരപ്പായ പാതകളുണ്ടായിരുന്നതിനാലും ഷൂസഴിച്ചു സാധാരണ ചെരിപ്പിട്ട് നടന്നതിനാല്‍  ഒരു വലിയ അട്ടയുടെ കടി എനിക്കും കിട്ടി.


പല ഇടത്തായി വെള്ളച്ചാട്ടവും അരുവികളുമൊക്കെയുള്ള വഴികള്‍ യാത്രയെ കൂടുതല്‍ മനോഹരമാക്കി. നടക്കുന്നതിനിടെ ഒരു വെള്ളച്ചാട്ടത്തി-നടുത്തായുണ്ടായിരുന്ന അരുവി  മുറിച്ചു കടന്നു വേണമായിരുന്നു നടപ്പ് തുടാരാൻ .  കാലു നനയാതെ അപ്പുറം കടക്കുന്നവര്‍ക്ക് സമ്മാനവും ഏട്ടൻ  പ്രഖ്യാപിച്ചു. അങ്ങനെ വെള്ളത്തിൽ  ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകളില്‍ ചവിട്ടി ഓരോരുത്തരും അരുവി കടക്കാന്‍ തുടങ്ങി. വെള്ളം നനയാതെ വിജയകരമായി ആദ്യം മറുവശം കടന്ന  സുധിയ്ക്ക്‌ ലോക കല്ലു പൊതിഞ്ഞുമ മിട്ടായി  കവറിലാക്കി കൊടുത്തു. കാര്യം പിടികിട്ടിയപ്പോള്‍ സുധി  അവന്റെ പുറകേ വടിയുമായി  ഓടിച്ചു. വെള്ളത്തിൽ  കളിച്ചും ഫോട്ടോ എടുത്തും  ഓടിയും ചാടിയുമൊക്കെയായിരുന്നു ഞങ്ങളുടെ മടക്കം.
 
ഇറക്കം  ഏകദേശം 8 കിലോമീറ്ററോളം നടന്നു നളകുനാദ് പാലസിൽ എത്തിച്ചേർന്നു .  അങ്ങനെ 20 കിലോമീടര്‍ ദൈർഘ്യമുള്ള ഞങ്ങളുടെ ട്രെക്കിംഗ്  അവിടെ അവസാനിച്ചു. അവിടെ ഒരു സ്കൂളിൽ ജീപ്പിനായി കാത്തിരിപ്പീനിടയില്‍ അതുലും ലോകയുംഷണ്മു അണ്ണനും കൂടി കുട്ടിയും കോലും കളിക്കാന്‍ തുടങ്ങി. അപ്പോഴേക്ക്‌ മഴ കനത്തു. സമയം രാത്രി 7 മണി ആയപ്പോഴേക്ക്‌ ജീപ്പ്  വന്നു. തിരികെ റിസോർട്ടിലേക്ക് യാത്രയായി.
രാത്രി ഗംഭീരമായ ഭക്ഷണത്തിനു  ശേഷം കാലില്‍ ആവശ്യത്തിനു  ബാം  പുരട്ടിയാണ് കാലു വേദനക്കു ശമനം കണ്ടത്‌. പിറ്റെ  ദിവസം വെളുപ്പിനെ 6 മണിക്ക്‌ എല്ലാവരും വെള്ളച്ചാട്ടം കാണാന്‍  പോകാന്‍ തയ്യാറായിക്കോളണമെന്ന അനീഷ് ഏട്ടന്റെ വാക്കുകളെ മടിയോടെ കേട്ട്‌ തലകുലുക്കിയാണ് ഉറങ്ങാന്‍ കിടന്നത്‌.  സത്യത്തിൽ വെള്ളച്ചാട്ടം കാണാന്‍ പോകാനുള്ളൊരു ഊര്‍ജം ആര്‍ക്കും തന്നെയില്ലായിരുന്നു. കടുത്ത  കാലു വേദനയും ക്ഷീണവും കാരണം ഞാൻ നന്നായുറങ്ങി. പുലർച്ച ആറു മണിയെ ശപിച്ച്കൊണ്ടാണ് എഴുന്നേടത്‌. രാകേഷ് ഏട്ടൻ ഒഴികെ എല്ലാവരും വെള്ളച്ചാട്ടം കാണാന്‍ ജീപ്പില്‍ കയറി. ഹണീ  വാലിയില്‍ നിന്ന് ഏകദേശം 2 കിലോമീറ്ററോളം ദൂരെയായിരുന്നു ചിങ്കാര  ഫാൾസ്

ചിങ്കാര  വാട്ടർഫാൾസ്  (CHINGARA WATERFALLS) 



കണ്ണെടുക്കാന്‍ തോന്നാത്ത വിധം നുരഞ്ഞു പതഞ്ഞ് ഒഴുകുന്ന ശുദ്ധ ജലത്തിന്റെ ഒരു പ്രാഹമായിരുന്നു അത്‌.  നിയന്ത്രണാതീതമായ സന്തോഷത്തോടെ എല്ലാവരും വെള്ളത്തിലിറങ്ങി. ഞ്ഞങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു. വെള്ളച്ചാട്ടത്തിനടിയില്‍ നിരന്നിരുന്നും മുങ്ങിക്കുളിച്ചും കൂക്കിവിളിച്ചും  എല്ലാവരും ആ നിമിഷങ്ങള്‍ തകര്‍ത്താസ്വദിച്ചു.
പാറക്കെട്ടുകള്‍ വഴുക്കലുള്ളവയായിരുന്നുവെങ്കിലും എല്ലാവരും  സുരക്ഷിതമായ സ്ഥലത്തുതനെ ഇടം പിടിച്ചു.. എന്നിരുന്നാലും കുതിച്ചൊഴുകിവരുന്ന വെള്ളത്തിന്റെ ശക്തിയില്‍ പിടിവിട്ട്‌ പോവാതിരിക്കാന്‍ എല്ലാവരും ഏറെ ശ്രദ്ധിച്ചു.
മനസ്സിനും ശരീരത്തിനും  ഒരേപോലെ ഉണര്‍വേകീയ അനുഭവമായിരുന്നു അത്‌. വെള്ളം കുതിച്ചു വരുന്നത്‌ കണ്ടാല്‍ പേടി തോന്നും. എന്നാല്‍ നമ്മളെ നനയിചു മനസ്സിലെ അനാവശ്യ ചിന്തകളേയും ഭാരങ്ങളെയും അലിയിപ്പിച്ചു ഒഴുകിയങ്ങുപ്പോകും. 9 മണി വരെ ഞങ്ങള്‍ വെള്ളത്തിൽ കളിച്ചും വീഡിയോ എടുത്തുമൊക്കെ അവിടെ ചെലവഴിച്ചു.
മടി  പിടിച്ചുകിടന്ന ഞങ്ങളെ നിര്‍ബന്ധിച്ച് അത്രയും മനോഹരമായൊരു  ദൃശ്യവിരുന്നിലേക്ക് നയിച്ച അനീഷ് ഏട്ടനോട് എല്ലാവരും നന്ദി  പറഞ്ഞു. ഒരിക്കലും നഷ്ടപ്പെടുത്തിക്കളായാനാവാത്തത്ര മനോഹാരിതയായിരുന്നു ചിങ്ങാരയിൽ .
തിരിച്ച്‌ റിസോര്‍ട്ടിലേക്ക്. രാവിലത്തെ ഭക്ഷണത്തിനു  ശേഷം സുശീല-സുരേഷ് ദമ്പതികളോട്‌ നന്ദി പറഞ്ഞു ( യഥാർത്ഥത്തിൽ  വാക്കുകള്‍ക്കതീതമായിരുന്നു ഓരോരുത്ഥര്‍ക്കും അവരോടുള്ള നന്ദി ) ഏകദേശം  10 മണിയോടെ  ഞങ്ങൾ  ഹണി വാലിയോടും, തടിയന്റെമോൾ കൊടുമുടിയോടും, കൂര്‍ഗിനൊടും, കൂര്‍കിലെ സുന്ദരീമാരോടും യാത്ര പറഞ്ഞു.





Author        : Simi Sadanandan
Clicked          : Anish, Rakesh, Dhanesh
   Team: Anish, Rakesh, Athul, Loga, Shanmuga,             Dhanesh, Simi, Tripta, Sudhina,Raju
Place  :  Kabinekad, Coorg, Karnataka
Km Covered           :1day || 20 Kms 

anish@ambikadigitals.com      

3 comments:

  1. Good writing simu...vayikumthorum or
    makal koodi koodi varunnu...fantastic days!... will keep moving fr extraordinary moments.....

    ReplyDelete
  2. Beautiful write up Simi. Indeed i am especially glad that not only trekking but also new writers are emerging from Trekzon like yourself sreejith and sudhina. Keep writing....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete